ലോകംമുഴുവൻ വലിയ ഫുട്ബോൾ ആവേശത്തിലാണ്. കേരളവും ഒട്ടും പുറകിലല്ല. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ടൂർണമെന്റുകളായ കോപ്പാ അമേരിക്കയും യൂറോ കപ്പും ഇപ്പോൾ ഫൈനലിലെത്തി നിൽക്കുകയാണ്. രണ്ട് ഫൈനലിലും ഏറ്റുമുട്ടുന്നത് വമ്പൻ ടീമുകളാണ്. യൂറോയിൽ ഇറ്റലിയും ഇം​ഗ്ലണ്ടുമാണെങ്കിൽ കോപ്പയിൽ ബ്രസീലും അർജന്റീനയും തമ്മിലാണ്. യൂറോ കോപ്പ ഫൈനൽ പ്രതീക്ഷകളെക്കുറിച്ച് സംസാരിക്കുകയാണ് കമന്ററികളിലൂടെ ഹ‍ൃദയം കീഴടക്കുന്ന ഷൈജു ദാമോദരൻ.

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് അർജന്റീന-ബ്രസീൽ പോരാട്ടം യുദ്ധത്തിനു സമാനമാണെന്ന് ഷൈജു ദാമോദരൻ പറയുന്നു. ബ്രസീലും അർജന്റീനയും നേരിടുന്നതിനേക്കാൾ മാനസിക സമ്മർദം കമന്ററി ബോക്സിൽ താൻ നേരിടുന്നുണ്ട്. വിശേഷണം ഒരു വിഭാ​ഗത്തിന് മാത്രം കൂടിയാൽ മറുഭാ​ഗത്തു നിന്ന് വിമർശനം വരും. ലൈവ് കമന്ററിയിൽ പറഞ്ഞുപോയവ തിരിച്ചെടുക്കാൻ കഴിയില്ല. അത്തരം നിമിഷങ്ങളിൽ അനുഭവിക്കാവുന്ന സമ്മർദത്തിന്റെ കൊടുമുടിയിലാണ്. ഓരോ ടീമിനേയും അനുകൂലിച്ച് പറഞ്ഞ വാചകങ്ങൾ വരെ എണ്ണിയെടുത്തു പറയുന്നവരുണ്ട്. പറയുന്നതൊന്നും നേരത്തേ മുൻകൂട്ടി നിശ്ചയിച്ചല്ല.  കഴിഞ്ഞ ദിവസം ഇന്ന ടീമിനെതിരേ സംസാരിച്ചാൽ തന്നേ തല്ലുമെന്നും വേണ്ടിവന്നാൽ കൊല്ലുമെന്നും സന്ദേശം അയച്ചവരുണ്ട്. അതൊക്കെ ജീവിതത്തിലെ ആദ്യഅനുഭവമാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വധഭീഷണികൾ തന്നെ തേടി വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു.