കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സൈനിക സ്‌കൂളില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ പ്രവേശനം നേടിയ പെണ്‍കുട്ടികള്‍ക്കൊപ്പം ചരിത്രത്തില്‍ ഇടം നേടുകയാണ് തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്കൂളിലെ ഈ മലയാളി പെണ്‍കുട്ടികള്‍. 1962ല്‍ ആരംഭിച്ച സ്‌കൂളില്‍ പ്രവേശനം നേടാനായതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥിനികള്‍.

ആറാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ ജയിച്ച് എത്തിയത് കേരളത്തില്‍ നിന്ന് ഏഴ് പേരാണ്. ബാക്കിയുള്ള മൂന്നുപേര്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും. 75-ാം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 33 സൈനിക സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂളുകളിലെ 10 ശതമാനം സീറ്റുകളും അവര്‍ക്കായി മാറ്റിവച്ചു. ഇതേ തുടര്‍ന്നാണ് കഴക്കൂട്ടത്ത് 10 പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചത്. 

പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുന്നതിനായി ഒരു വര്‍ഷമായി സ്‌കൂളിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചുവരികയാണ്. പുതിയ വീടിന്റെയും ഡോര്‍മെറ്ററിയുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.