ഓണ്‍ലൈനില്‍ നടക്കുന്ന വലിയ തട്ടിപ്പുകളില്‍ ഒന്നാണ് സ്‌ക്രാച്ച് ആന്റ് വിന്‍ കാര്‍ഡുകള്‍. ഫോണ്‍ നമ്പര്‍ ശേഖരിച്ച ശേഷമാണ് ഇടത്തരക്കാരെ തിരഞ്ഞ് പിടിച്ച് പണം തട്ടുന്നത്. വാഹനങ്ങള്‍ അടക്കം സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വാട്‌സ്ആപില്‍ ആണ് മെസേജ് വരിക. 

സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് അയക്കുന്നുണ്ടെന്നും അതില്‍ അത്യുഗ്രന്‍ സമ്മാനമുണ്ടെന്നുമായിരിക്കും ആദ്യ സന്ദേശം. പിന്നാലെ പോസ്റ്റലായി സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡുമെത്തും. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് ഉരച്ചുനോക്കിയാല്‍ അമ്പരന്ന് പോകുന്ന അത്രയും വലിയ തുക കാണാം. പിന്നാലെ വരും വീണ്ടും വാട്‌സാപ് സന്ദേശം. അയച്ച് തന്ന ലിങ്കില്‍ പോയാല്‍ കൂപ്പണില്‍ കാണിച്ച തുകയ്ക്ക് സമാനമായി ലഭിക്കാന്‍ പോകുന്ന സമ്മാനമറിയാം. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പ്രമുഖ ഷോപ്പിങ് സൈറ്റിന്റെ പേജിലേക്കാണ് പോവുക. അതില്‍ കൂപ്പണ്‍ നമ്പര്‍ സെര്‍ച്ച് ചെയ്താല്‍ വിലപിടിപ്പുള്ള കാര്‍ സമ്മാനമായി ലഭിച്ചുവെന്ന് കാണാം. ഇതോടെ ഇര കുടുങ്ങും. 

മികച്ച സംഭാഷണ വൈഭവമുള്ള ഒരാളുടെ കോളാണ് അടുത്ത ഘട്ടത്തില്‍ ലഭിക്കുന്നത്. സമ്മാന തുക കൈമാറാന്‍ നികുതി അടയ്ക്കണമെന്നാണ് ആവശ്യം. തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് ഭാഗ്യം നല്‍കിയ കാര്‍ നോക്കിയിരുന്ന് കിട്ടാതാവുമ്പോഴാണ് ഇരയ്ക്ക് കാര്യം പിടികിട്ടുക