ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെയാണ് വിനയ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജയിലിലെ പീഡനം മാനസിക നിലയെ ബാധിച്ചുവെന്നും ദയാഹര്‍ജി പരിഗണിക്കവേ ഇക്കാര്യം രാഷ്ട്രപതി കണക്കിലെടുത്തില്ലെന്നുമായിരുന്നു വിനയിന്റെ വാദം. അതേസമയം വിനയിന്റെ മാനസികനിലയ്ക്ക് യാതൊരു തകരാറുമില്ലെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അതേസമയം നിര്‍ഭയ കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കോടതിമുറിയില്‍ കുഴഞ്ഞുവീണു. സുപ്രീം കോടതിയിലെ അഞ്ചാം നമ്പര്‍ കോടതി മുറിയില്‍ ഉച്ചക്ക് 2.25 ഓടെയാണ് സംഭവം. ജസ്റ്റിസ് ഭാനുമതിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത അറിയിച്ചു. രണ്ടു ദിവസമായി ജസ്റ്റിസ് ഭാനുമതിക്ക് കടുത്തപനി ആയിരുന്നു. അതിനാല്‍ മരുന്ന് കഴിച്ച് വരികയായിരുന്നു. ഇതിന്റെ ക്ഷീണം മൂലമുണ്ടായ തളര്‍ച്ചയാണ് ജസ്റ്റിസ് ഭാനുമതിക്ക് ഉണ്ടായതെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.