ആത്മഹത്യാപ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അര്‍ണബ് 50,000 രൂപ കെട്ടിവെക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിരാബാനര്‍ജിയും അടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
ഏഴ് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അര്‍ണബിനെ ഉടന്‍ ജയില്‍ മോചിതനാക്കാനും കോടതി നിര്‍ദേശിച്ചു.
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ചതില്‍ ഹൈക്കോടതിക്കെതിരേ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ വ്യക്തികളെ വേട്ടയാടുകയാണെങ്കില്‍ കോടതി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാനുണ്ടാകുമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞത്. പണം നല്‍കാനുണ്ടെന്ന കാരണത്താല്‍ ആത്മഹത്യാ പ്രേരണാ കേസ് നിലനില്‍ക്കില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.