നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭം വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി ഈ മാസം 15-ന് കുട്ടനാട്ടില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കും. ഡല്‍ഹിയില്‍ സമരത്തിന് നേതൃത്വം നല്‍കുന്ന ബല്‍ബീര്‍ സിങ് രജോവാള്‍ മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്യും. 

നേമത്ത് ബിജെപിക്കെതിരെ ശകതമായ പ്രചാരണം നടത്താനും സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. കഴിഞ്ഞ വാരം നടന്ന പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച.