പരമ്പരാഗത നീലിമല പാതയിലൂടെയുള്ള യാത്രാ വിലക്ക് വന്നതോടെ തീര്‍ഥാടകര്‍ ഒഴിഞ്ഞ് ശബരിപീഠവും പരിസരവും. സാധാരണയായി ശബരിപീഠത്തില്‍ നാളീകേരം ഉടച്ച ശേഷമാണ് ഭക്തര്‍ അയ്യപ്പ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയിരുന്നത്.

ശബരിമല ദര്‍ശനം പോലെ തന്നെ പുണ്യമായി തീര്‍ത്ഥാടകര്‍ കരുതുന്നതാണ് ശബരിപീഠത്തില്‍ നാളീകേരം ഉടച്ച് കര്‍പ്പൂരം തെളിയിക്കുന്നത്. ഇത്തവണ കോവിഡ് പ്രതിസന്ധി കാരണം മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പന്‍ റോഡ് വഴി ആയതോടെ ശബരീപീഠത്തില്‍ ആളൊഴിഞ്ഞു. 

മാസങ്ങള്‍ക്ക് മുന്‍പ് മലകയറിയ അയ്യപ്പന്മാര്‍ കുത്തിയ ശരക്കോലുകള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടിയാല്‍ പരമ്പരാഗത പാത തുറക്കുന്നതിനെ കുറിച്ച് ആലോചനയുണ്ട്. ശബരീപീഠത്തില്‍ വെച്ചാണ് തങ്ക അങ്കി ഘോഷയാത്രയ്ക്കും തിരുവാഭരണ ഘോഷയാത്രയ്ക്കും ആചാര പ്രകാരമുള്ള ആദ്യ വരവേല്‍പ് നല്‍കാറുള്ളത്.