കേരളത്തിൽ ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരരുതെന്ന് രമേശ് ചെന്നിത്തല. കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത അതിക്രൂരമായ സംഭവമാണിവിടെ ഉണ്ടായത്. അച്ഛനമ്മമാരോടും ബന്ധുക്കളോടും സംസാരിച്ചപ്പോൾ ആ കുട്ടിക്കുണ്ടായ പീഡനങ്ങളേക്കുറിച്ചാണ് പറയുന്നത്. ഇതുപോലൊരു സംഭവം കേരളത്തിലിനി ഉണ്ടാവാൻ പാടില്ല. ഉത്തരവാദികളായ ആളുകളുടെ പേരിൽ കർശനമായ നിയമനടപടികളുണ്ടാവണം. കാര്യക്ഷമമായ അന്വേഷണമുണ്ടാവണം. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരച്ഛനും ഇതുപോലൊരു ​ഗതിവരരുതെന്ന വിസ്മയയുടെ അച്ഛന്റെ വാക്കുകൾ വളരെയേറെ വേദനിപ്പിച്ചു. ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്നുതന്നെ കത്ത് നൽകുന്നുണ്ട്. ചെന്നിത്തല പറഞ്ഞു.