നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലെത്തിയ നിലമ്പൂര്‍ എം.എല്‍.എ പി. വി അന്‍വറിനെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. രാത്രിയില്‍ കോളനിയിലെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. 

രാത്രിയില്‍  കോളനിയിലെത്തിയത് എന്തിനെന്നായിരുന്നു പ്രവര്‍ത്തകരുടെ ചോദ്യം. കോളനി നിവാസികളെ തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനാണ് എം.എല്‍.എ രാത്രിയിലെത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സ്ഥലത്തെത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്ന് എം.എല്‍.എ ആരോപിച്ചു. എം.എല്‍.എയുടെ പരാതിയെ തുടര്‍ന്ന് പോത്തുകല്‍ പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തര്‍ പോത്തുകല്ല് പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു.