പറശ്ശിനി മടപ്പുര മുത്തപ്പന്‍ സന്നിധിയില്‍ പുത്തരി തിരുവപ്പന ഉത്സവം തുടങ്ങി.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 11-ന്  നടന്ന ഭക്തിനിര്‍ഭരമായ  ചടങ്ങില്‍ മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി  കൊടിയേറ്റത്തിന്  മുഖ്യകാര്‍മികത്വം വഹിച്ചു. മടപ്പുര കുടുംബാംഗങ്ങളും നൂറുകണക്കിന്  വിശ്വാസികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.  
കൊടിയേറ്റത്തിനുശേഷം ഉച്ചക്ക് ഒന്നിന്  മുത്തപ്പന്‍ വെള്ളാട്ടത്തിന്റെ മലയിറക്കല്‍ ചടങ്ങ് നടന്നു. പൂര്‍വികാചാരപ്രകാരം തയ്യില്‍ തറവാട്ടുകാരുടെ കാഴ്ചവരവ് സംഘം മടപ്പുരയില്‍ പ്രവേശിച്ചു. തുടര്‍ന്ന് 'തെക്കരുടെ വരവ്' എന്നറിയപ്പെടുന്ന കോഴിക്കോട്, വടകര, തലശ്ശേരി ദേശക്കാരുടെ വര്‍ണപകിട്ടാര്‍ന്ന കാഴ്ചവരവുകളും മടപ്പുരയില്‍  പ്രവേശിച്ചു. സന്ധ്യക്ക് നടന്ന  മുത്തപ്പന്‍ വെള്ളാട്ടം ദര്‍ശിക്കാന്‍ നൂറുകണക്കിന് വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. രാത്രി  മുത്തപ്പന്റെ  അന്തിവേലയും തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുന്നുമ്മല്‍ തറവാട്ടില്‍ നിന്നും ക്ഷേത്രത്തിലേക്ക് കലശം എഴുന്നള്ളിപ്പും നടന്നു.

വെള്ളിയാഴ്ച രാവിലെ ഉത്സവനാളിലെ ആദ്യ തിരുവപ്പന പുലര്‍ച്ചെ അഞ്ചിന് തുടങ്ങും. തിരുവപ്പന-വെള്ളാട്ടം കോലങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പ്രവേശിച്ച കാഴ്ചവരവ് സംഘങ്ങളെ  തിരിച്ചയക്കുന്ന ചടങ്ങുകള്‍ പിന്നീട്  നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് വെളളാട്ടവും നാലിന് രാവിലെ തിരുവപ്പന വെള്ളാട്ടവും നടക്കും. ആറിന് രാവിലെ കലശാട്ടത്തോടെ  ഉത്സവചടങ്ങുകള്‍ക്ക് കൊടിയിറങ്ങും. ഡിസംബര്‍ അഞ്ച് ഞായറാഴ്ചയായതിനാല്‍ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം മാത്രമാണ് ഉണ്ടായിരിക്കുക. ആ ദിവസം തിരുവപ്പന, വെള്ളാട്ടം എന്നിവ ഉണ്ടായിരിക്കില്ല. ഉത്സവത്തിന്റെ ഭാഗമായി അഞ്ച്, ആറ് തീയ്യതികളില്‍ രാത്രി കഥകളിയുണ്ടാകും. മുത്തപ്പന്‍ കഥകളി യോഗത്തിന്റെ നേതൃത്വത്തില്‍ പ്രമുഖ കഥകളി കലാകാരന്മാരെ അണിനിരത്തിയുള്ള കഥകളികള്‍ അരങ്ങിലെത്തും.