കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര പുത്തരി മഹോല്‍സവത്തിന്റെ ഭാഗമായുള്ള ആദ്യ തിരുവപ്പന വെള്ളാട്ടം വെള്ളിയാഴ്ച രാവിലെ കെട്ടിയാടി. മുത്തപ്പനെ ദര്‍ശിക്കാന്‍ നാനാദേശത്ത് നിന്നും നൂറുകണക്കിന് വിശ്വാസികളാണ് മടപ്പുര സന്നിധിയില്‍ എത്തിയത്. മുത്തപ്പന്റെ തിരുകോലങ്ങള്‍ ഭക്തര്‍ക്ക് അനുഗ്രഹങ്ങളും നല്‍കി. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വ്യാഴാഴ്ച വൈകുന്നേരം പ്രവേശിച്ച കാഴ്ച വരവ് സംഘങ്ങളെ തിരിച്ചയയ്ക്കുന്ന ചടങ്ങുകളും ഇതിനുപിന്നാലെ നടന്നു.

വൈകുന്നേരം നടന്ന മുത്തപ്പന്‍ വെള്ളാട്ടം കാണാനും വലിയ ജനക്കൂട്ടം മടപ്പുരയിലെത്തിയിരുന്നു. ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച പുലര്‍ച്ചെയും തിരുവപ്പന വെള്ളാട്ടം നടക്കും. ഉത്സവാഘോഷത്തിന്റെ ഇടയില്‍ വരുന്ന ഞായറാഴ്ച ദിവസമായ ഡിസംബര്‍ അഞ്ചിന് കോലങ്ങള്‍ കെട്ടിയാടില്ല. ഇതോടൊപ്പം കുട്ടികള്‍ക്കുള്ള ചോറൂണ്, പ്രസാദ ഊട്ട്, ചായ വിതരണം തുടങ്ങിയവയൊന്നും ഉണ്ടാകില്ല. എന്നാല്‍ മുത്തപ്പന്‍ മടപ്പുര ശ്രീകോവില്‍ ദര്‍ശനത്തിനായി തുറന്നു കൊടുക്കും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ഞായറാഴ്ച പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആറിന് രാവിലെ കലശാട്ടത്തോടെ ഉത്സവച്ചടങ്ങുകള്‍ക്ക് കൊടിയിറങ്ങും. ഉത്സവത്തിന് അനുബന്ധമായി ഡിസംബര്‍ അഞ്ച്, ആറ് ദിവസങ്ങളില്‍ രാത്രി കഥകളി ഉണ്ടായിരിക്കും. ശ്രീ മുത്തപ്പന്‍ കഥകളി യോഗത്തിന്റെ നേതൃത്വത്തില്‍ പുറപ്പാട്, കീചക വധം, കിരാതം എന്നീ കഥകളെ അടിസ്ഥാനമാക്കിയുള്ള കളികളായിരിക്കും അരങ്ങിലെത്തുക.