പഞ്ചനക്ഷത്ര ഹോട്ടലല്ല, അത്യാധുനിക സൗകര്യങ്ങളോടെ ഒരു സർക്കാർ ആശുപത്രിയാണിത്. കൊല്ലം ജില്ലയിലെ മലയോര മേഖലയിലെ സാധാരണക്കാരുടെ ആശ്രയമായിരുന്ന പുനലൂർ താലൂക്ക് ആശുപത്രിയാണ് സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹിർ ഷായുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം കൂടിയാണ് തലയുയർത്തി നിൽക്കുന്ന ഈ ആശുപത്രി. മുപ്പത്തിമൂന്ന് കിടക്കകൾ, ഓരോ കിടക്കയ്ക്കരികിലും കൂട്ടിരിപ്പുകാർക്കായി കട്ടിൽ, 94 തീവ്രപരിചരണ കിടക്കകൾ, ചൂടുവെള്ളവും തണുത്ത വെള്ളവും ലഭിക്കുന്ന ശുചിമുറികൾ, ഏഴ് ഓപ്പറേഷൻ തീയേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ മന്ദിരത്തിലുള്ളത്.