കേരള നിയമസഭയു‌ടെ ചരിത്രത്തിലെ കറുത്തദിനമായിരുന്നു 2015 മാർച്ച് 13 എന്ന് പി.ടി. തോമസ് എം.എൽ.എ. ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്റെ യശസ്സ് ലോകജനതയുടെ മുന്നിൽ സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണി കളങ്കപ്പെടുത്തിയ കറുത്ത വെള്ളിയാഴ്ചയായിരുന്നു അതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

"കേരള നിയമസഭയ്ക്ക് എക്കാലവും ഇതൊരു ദുഃഖവെള്ളിയാഴ്ചയായി മാറിയിരിക്കുകയാണ്. അഴിമതിക്കാരനായ ധനകാര്യമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ല എന്നതായിരുന്നു കയ്യാങ്കളിക്കാധാരമായ സംഭവത്തിന്റെ രത്നച്ചുരുക്കം. മജിസ്ട്രേറ്റ് കോടതി മുതൽ ഹൈക്കോടതി, സുപ്രീം കോടതി വരെ നടത്തിയിട്ടുള്ള വിധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കെ.എം. മാണിയുടെ ആത്മാവായിരിക്കും." പി.ടി. തോമസ് പറഞ്ഞു

ഇപ്പോൾ ആന കരിമ്പിൻകാട്ടിൽ കയറിയ പോലെ എന്നല്ല, ശിവൻകുട്ടി നിയമസഭയിൽ കയറിയ പോലെ എന്നാണ് ലോകത്തെമ്പാടും പറയുന്നത്. കണ്ണിൽ കണ്ടതെല്ലാം തകർത്ത് മുന്നേറിയ സംഘത്തിന്റെ പ്രവർത്തനം ക്രിമിനലുകൾക്കുപോലും ലജ്ജ തോന്നുന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.