ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചാല്‍ സര്‍ക്കാരിന് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയേണ്ടിവരുമെന്ന് ശോഭ സുരേന്ദ്രന്‍. തിരുവനന്തപുരത്ത് റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന ഉപവാസത്തിനിടെ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അവര്‍. 

ഇത് കക്ഷി രാഷ്ട്രീയപരമായി മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വസ്തുതയല്ല. ഈ നടക്കുന്ന ധാര്‍മികമായ സമരത്തിന് കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ട്. അതിന്റെ സൂചനയാണ് തന്റെ 48 മണിക്കൂര്‍ ഉപവാസമെന്ന് ശോഭ പറഞ്ഞു.

അനധികൃത നിയമനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ മുഖംമൂടി അഴിഞ്ഞുവീഴും. അത് സംഭവിക്കുന്നത് ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞ് സമരം ചെയ്യുന്നതുകൊണ്ടാണ്. അടിയന്തരമായി ഈ വിഷയത്തിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ശോഭ പ്രതികരിച്ചു.