സഭാ തർക്കം പരിഹരിച്ചാൽ ബി.ജെ.പിക്കൊപ്പം നിൽക്കുമെന്ന യാക്കോബായ സഭയുടെ നിലപാടിൽ നീരസം പ്രകടിപ്പിച്ച് പി.എസ്. ശ്രീധരന്‍പിള്ള. അത് ചെയ്താല്‍ ഇത് നല്‍കാം എന്ന രീതി ശരിയല്ലെന്ന് മാതൃഭൂമി ന്യൂസിനോട് അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയ വിലപേശല്‍ തുടര്‍ന്നാല്‍, മധ്യസ്ഥ ചര്‍ച്ചയില്‍നിന്ന് പിന്മാറുമെന്നും അദ്ദേഹം സൂചന നല്‍കി.

പ്രധാനമന്ത്രിയെ കാണണമെന്ന് എത്രയോ കാലമായി രണ്ട് സഭകളും നിർബന്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് അവരുടെ കാര്യങ്ങൾ പറയാൻ ഒരവസരം ഉണ്ടാക്കിക്കൊടുത്തു. ദേശീയ നിലവാരത്തിൽ ഈ പ്രശ്നത്തിന്റെ ആഴവും പരപ്പും എത്തിക്കാൻ സാധിച്ചു. അതു കഴിഞ്ഞ് സഭയുടെ പ്രതിനിധികളായി വന്ന മൂന്നുപേരും സ്വീകരിച്ച നിലപാട് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പൂർണ സംതൃപ്തരാണ് എന്നാണെന്നും അദ്ദേഹം പറഞ്ഞു.

സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടെയാണ് യാക്കാബോയ സഭ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് തങ്ങള്‍ വലിയ അനുഗ്രഹമായി കരുതുകയാണ്. എന്നാല്‍ തങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയ ശേഷം പ്രതികരണമൊന്നും ഇതുവരെ അറിയിച്ചിട്ടില്ലെന്നും യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ അലക്‌സാണ്ട്രിയോസ് മെത്രാപ്പോലിത്ത മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരുന്നു.