ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവായെങ്കിലും സംസ്ഥാനത്തെ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ് സ്വകാര്യ ബസ്സുകള്‍. കോവിഡ് കാലത്തില്‍ നിന്നും മാറി നിരക്കുകള്‍ പഴയപടിയാക്കിയതും ആളുകള്‍ കുറഞ്ഞതുമാണ് ബസ്സുകള്‍ നിരത്ത് വിടാന്‍ കാരണമായത്.

കഴിഞ്ഞ ദിവസം വരെ ഇരട്ടി നിരക്കില്‍ ബസ്സുകള്‍ ഓടിയിരുന്നുവെങ്കിലും നിരക്ക് വീണ്ടും പഴയപടിയാക്കിയതാണ് ബസ്സ് ജീവനക്കാരെ ദുരിതത്തിലാക്കിയത്. 2000 ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന കോഴിക്കോട്ട് നിന്ന് ചൊവ്വാഴ്ച സര്‍വീസ് നടത്തിയത് ആറ് ബസ്സുകള്‍ മാത്രമാണ്. അതും പകുതിപോലും ആളില്ലാതെ പാതി ജീവനക്കാരേയും കൊണ്ട്. മാത്രമല്ല പൊതുഗതാഗതത്തില്‍ നിന്ന് ജനങ്ങള്‍ വലിയ രീതിയില്‍ വിട്ട് നില്‍ക്കുകയും ചെയ്യുന്നു.  

ബസ്സുകള്‍ സര്‍വീസ് നടത്തേണ്ടെന്ന് സംഘടനകളുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക തീരുമാനമൊന്നുമില്ലെങ്കിലും പലരും സ്വമേധയാ ഓട്ടം നിര്‍ത്തുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. സര്‍ക്കാര്‍ ഇടപെടല്‍ ഉടന്‍ ഉണ്ടായില്ലെങ്കില്‍ വലിയൊരു ജനവിഭാഗമാണ് പട്ടിണിയിലാവുക.