കൊച്ചി ലഹരിപ്പാര്‍ട്ടി കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ചെലവന്നൂരിലെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്. ഇതിനിടെയാണ് ഒരു ഫ്‌ളാറ്റില്‍ ചൂതാട്ട കേന്ദ്രം നടക്കുന്നതായി പോലീസ് കണ്ടെത്തിയത്. രണ്ടു നിലയുള്ള ഫ്‌ളാറ്റിന്റെ ഒന്നാം നിലയിലാണ് ചൂതാട്ട കേന്ദ്രം സജ്ജീകരിച്ചിരുന്നത്. ഇവിടെ നിന്നും ചൂതാട്ടത്തിനുപയോഗിച്ച വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. ലഹരിപ്പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് മരട്, പനങ്ങാട്, എറണാകുളം സൗത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ഫ്‌ളാറ്റുകളിലും പോലീസ് പരിശോധന നടത്തി. ഒരാഴ്ച ഏകദേശം ഒന്നരലക്ഷം രൂപ ചൂതാട്ടത്തിലൂടെ ഈ ഫ്‌ളാറ്റുടമ സമ്പാദിച്ചിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം.