ചെന്നൈ പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായവരില്‍ കുട്ടികളും. പത്തും പതിനേഴും വയസ് പ്രായമുള്ള കുട്ടികളാണ് കൊലപാതകത്തില്‍ ഉള്‍പ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് പ്രത്യേക അന്വേഷണ സംഘം കുട്ടികളെ പിടികൂടിയത് 

തിരുച്ചിറപ്പള്ളി നാവല്‍പ്പട്ട് പോലീസ് സ്റ്റേഷനിലെ സി. ഭൂമിനാഥനാണ് (50) കൊല്ലപ്പെട്ടത്. പുതുക്കോട്ടയിലെ കീരനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

നാവല്‍പ്പട്ടിനുസമീപം ബൈക്ക് പട്രോളിങ്ങിനിടെയാണ് രാത്രി രണ്ടുപേര്‍ ഇരുചക്രവാഹനത്തില്‍ ആടിനെ മോഷ്ടിച്ചുപോകുന്നത് കാണുന്നത്. പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമിനാഥനും മറ്റൊരു പോലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടര്‍ന്നു. വേഗത്തില്‍പ്പോയ മോഷ്ടാക്കള്‍ തിരുച്ചിറപ്പള്ളി കടന്ന് പുതുക്കോട്ട ജില്ലയിലേക്ക് കടന്നു. പിന്തുടര്‍ന്ന ഭൂമിനാഥന്‍ കീരനൂരിനടുത്തുവെച്ച് ഇവരെ പിടികൂടി. ഇതിനിടയില്‍ മോഷ്ടാക്കള്‍ മാരകായുധങ്ങളെടുത്ത് എസ്.ഐ.യെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു. പോലീസെത്തുമ്പോള്‍ വെട്ടേറ്റ് മരിച്ചുകിടക്കുന്ന ഭൂമിനാഥനെയാണ് കാണുന്നത്. 

കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഒരുകോടി രൂപ സഹായധനവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു