കർഷകസമരക്കാർ തിക്രി അതിർത്തിയിൽനിന്നു മാറണമെന്ന് നിർദേശിച്ച് ഡൽഹി പോലീസിന്റെ പോസ്റ്ററുകൾ. ഇതിനെ കർഷകനേതാക്കൾ തള്ളിക്കളഞ്ഞെങ്കിലും സമരക്കാരെ ഒഴിപ്പിക്കുമോയെന്ന ആശങ്കയും ശക്തമായി. റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിനു പിന്നാലെ, ഗാസിപ്പുരിൽ സമരക്കാരെ ഒഴിപ്പിക്കാനുള്ള പോലീസ് നീക്കം ഏറെ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.

രാജ്യതലസ്ഥാനാതിർത്തികൾ സ്തംഭിപ്പിച്ചുള്ള കർഷകപ്രക്ഷോഭം ചൊവ്വാഴ്ച 90 ദിവസം പൂർത്തിയായി. പ്രദേശം ഒഴിയണമെന്ന് നിർദേശിച്ചുകൊണ്ടുള്ളതാണ് തിക്രിക്കു സമീപം വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ. എന്നാൽ, സമയപരിധിയൊന്നും പോസ്റ്ററിൽ വ്യക്തമാക്കിയിട്ടില്ല. ഇത്തരം ഗൂഢാലോചനകളെ ചെറുക്കുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. ഈ പോസ്റ്ററുകളെ സമരക്കാർ ഗൗനിക്കുന്നില്ല. സമാധാനപരമായി സമരംചെയ്യാൻ തങ്ങൾക്കു മൗലികാവകാശമുണ്ടെന്നും കിസാൻ മോർച്ച പറഞ്ഞു.

എന്നാൽ, പോസ്റ്ററുകൾ പതിവു നടപടിക്രമങ്ങളുടെ ഭാഗമായി പതിച്ചതാണെന്നാണ് പോലീസിന്റെ വിശദീകരണം. ഹരിയാണ അതിർത്തിയിലെ തിക്രിയിലാണ് സമരക്കാർ ഇരിക്കുന്നത്. അനധികൃതമായി തലസ്ഥാനത്ത് പ്രവേശിക്കാൻ അവർക്ക് അനുവാദമില്ലെന്ന് വ്യക്തമാക്കാനാണ് പോസ്റ്ററുകളെന്നും പോലീസ് വിശദീകരിച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ ചിലർ അതിക്രമിച്ചു കടന്നു സംഘർഷമുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരം പോസ്റ്ററുകൾ.

ഇതിനിടെ, ഉത്തർപ്രദേശിലെ ഓരോ ഗ്രാമത്തിലും അഞ്ചുപേർവീതം എട്ടുമണിക്കൂർ ഉപവസിക്കാൻ കർഷകസംഘടനകൾ തീരുമാനിച്ചു. സമരം ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്.