സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പോലീസ് പിടിച്ചു. ഒഴിവുകഴിവ് പറഞ്ഞിട്ട് ഒരു രക്ഷയുമില്ല പെറ്റിയടിച്ചെ മതിയാകൂവെന്ന് പോലീസ്. ഒടുവില്‍ പൈസ കിട്ടിയപ്പോള്‍ പേരും വിലാസവും പറയാന്‍ ആവശ്യപ്പെട്ടു. ആരായാല്‍ എന്താ പൈസ കിട്ടിയില്ലേ എന്ന് ചോദിക്കുന്ന ഡ്രൈവര്‍. പേര് എന്തായാലും കുഴപ്പമില്ല സര്‍ക്കാരിന് പൈസ കിട്ടിയാ മതിയെന്ന് പോലീസുകാരന്റെ മറുപടി. ഒടുവില്‍ പേരും വിലാസവും പറഞ്ഞതിങ്ങനെ. പേര് രാമന്‍, അച്ഛന്‍ ദശരഥന്‍, സ്ഥലം അയോധ്യ. കളിപ്പിക്കാന്‍ പറഞ്ഞതാണെന്നറിഞ്ഞിട്ടും ഒരുമടിയും കൂടാതെ പിഴയുടെ രസീത് അത് വിലാസത്തില്‍ തന്നെ എഴുതിക്കൊടുത്തു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോയിലെ രംഗം നടന്നത് ചടയമംഗലത്താണ്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ച മൂന്നംഗ സംഘത്തിന്റെ കയ്യില്‍ നിന്നാണ് പോലീസ് പിഴ ഈടാക്കിയത്. 

കളിയാക്കുകയാണെന്ന് മനസ്സിലായിട്ടും ഉദ്യോഗസ്ഥന്‍ അഞ്ഞൂറു രൂപയെഴുതി പെറ്റി വാങ്ങി. എങ്ങനേയും പിഴപ്പണം ഈടാക്കാനുള്ള പൊലീസുകാരുടെ മനഃസ്ഥിതിയാണ് വീഡിയോയില്‍ കാണാനാകുന്നത് എന്നാണ് സമൂഹ മാധ്യമങ്ങളിലുയര്‍ന്ന വിമര്‍ശനം. 

എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥരെ യുവാക്കള്‍ കബളിപ്പിച്ചെന്നാണ് പോലീസിന്റെ വിശദീകരണം. തുടക്കത്തില്‍ വാക്കുതര്‍ക്കമുണ്ടായെങ്കിലും ഒടുവില്‍ പിഴയടക്കാന്‍ അവര്‍ സമ്മതിക്കുകയായിരുന്നു. വിലാസമേതായാലും പിഴ ഒടുക്കിയാല്‍ മതിയെന്ന് പെറ്റിയെഴുതുന്ന ഉദ്യോഗസ്ഥന്‍ പറയുന്നതായി വീഡിയോയില്‍ കാണാം.