മലപ്പുറത്ത് പോക്സോ കേസ് ഇര മൂന്നാം തവണയും ലൈഗിംകാതിക്രമത്തിന് ഇരയായി. പാണ്ടിക്കാട് സ്വദേശിയായ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. 13 വയസ്സ് മുതല്‍ ലൈംഗികാതിക്രമത്തിന് ഇരയാണ് പെണ്‍കുട്ടി.
മോശം സാഹചര്യത്തില്‍, വേണ്ടത്ര സംരക്ഷണമില്ലാതെ വളരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡനത്തിരയാകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ഉടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, ഒരേ കുട്ടി തന്നെ പല തവണ പീഡനത്തിനിരയായ സാഹചര്യമാണ് ഈ കേസില്‍ ഉണ്ടായത്.
2016-ലാണ് പെണ്‍കുട്ടി ആദ്യമായി പോക്‌സോ കേസിന് ഇരയാകുന്നത്. പോക്‌സോയിലെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ അന്ന് കേസെടുത്തത്. അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷം പെണ്‍കുട്ടി നിര്‍ഭയ ഹോമില്‍ സംരക്ഷണയില്‍ കഴിയുകയായിരുന്നു. ഒരു മാസത്തിന് ശേഷം കുട്ടിയെ വീണ്ടും വീട്ടിലേക്കയച്ചിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തിന് ശേഷം 2017-ല്‍ വീണ്ടും സമാനസാഹചര്യമുണ്ടാവുകയും വീണ്ടും നിര്‍ഭയ ഹോമിലേക്ക് മാറ്റുകയും ചെയ്തു.
എന്നാല്‍, നിര്‍ഭയ ഹോമില്‍നിന്ന് മറ്റൊരു ബന്ധു കുട്ടിയെ ഏറ്റെടുത്തു. 2020 നവംബറിന് ശേഷം പെണ്‍കുട്ടി പല തവണ നിരവധി പേരാല്‍ പീഡിപ്പിക്കപ്പെട്ടു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 26 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ട്.