ന്യൂഡൽഹി: ഒരു കൊല്ലത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്‍ വീണ്ടും ആരംഭിക്കുന്നു. ഈ മാസം 25 മുതല്‍ മോദിയുടെ വിദേശയാത്രകള്‍ തുടങ്ങും. കോവിഡ് കാലഘട്ടത്തില്‍ പ്രധാന ഉച്ചകോടികളില്‍ എല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏറെക്കുറെ പിൻവലിച്ചതിനുശേഷമാണ് നരേന്ദ്രമോദി വീണ്ടും വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ജൂൺ വരെയുള്ള യാത്രകളുടെ ഷെഡ്യൂൾ തയ്യാറായിട്ടുണ്ട്. ഈ മാസം 25-ന് അയൽരാജ്യമായ ബം​ഗ്ലാദേശിലേക്കുള്ള ഔ​ദ്യോ​ഗിക സന്ദർശനത്തോടെ യാത്രകൾ തുടങ്ങും. ബം​ഗബന്ധു ഷേഖ് മുജബിർ റഹ്മാന്റെ 100-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് അദ്ദേഹം ധാക്കയിലെത്തും. പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂടിക്കാഴ്ചയും നടത്തും.

കേന്ദ്രസർക്കാരിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി വിദേശയാത്ര നടത്തിയത് 2019 നവംബർ മാസത്തിലാണ്. ആ മാസം 13 മുതൽ 15 വരെ ബ്രസീലിൽ അദ്ദേഹം ഔദ്യോ​ഗിക സന്ദർശനം നടത്തിയിരുന്നു. അതിനു ശേഷം ലോക്ഡൗണും മറ്റും കാരണം പ്രധാനമന്ത്രി വിദേശ സന്ദർശനം നടത്തിയിരുന്നില്ല. പാർലമെന്റ് സമ്മേളനവും ഡൊണാൾഡ് ട്രംപിന്റെ അഹമ്മദാബാദ് സന്ദർശനവും കഴിഞ്ഞ ശേഷമായിരുന്നു ലോക്ക്ഡൗൺ.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നൊരുക്കങ്ങളുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് ധാക്കയിലെത്തുന്നുണ്ട്.