യു.എഫ്.ഒകളെ (പറക്കും തളിക)കുറിച്ച് പെന്റഗണ്‍ പുതുതായി പുറത്തുവിട്ട വീഡിയോകളാണ് ശാസ്ത്ര ലോകത്ത്  ഇന്ന് ചര്‍ച്ചാവിഷയം. യു എസ് പ്രതിരോധ വകുപ്പ് പെന്റഗണ്‍ ആണ് വീഡിയോ പുറത്തുവിട്ടത്.  'വിശദീകരിക്കുവാന്‍ ആകാത്ത ആകാശ പ്രതിഭാസങ്ങള്‍' എന്ന പേരില്‍ പുറത്തുവിട്ട മൂന്ന് വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അതിവേഗത്തില്‍ തെന്നി മാറുന്ന കറുത്ത നിറത്തിലുള്ള തളിക രൂപം വിഡിയോയില്‍ വ്യക്തമായി കാണാം. യു എസ് നാവിക സേനയിലെ പൈലറ്റുമാര്‍ 2004 ലും 2015 ലും പറക്കലിനിടെ കണ്ട തിരിച്ചറിയുവാന്‍ കഴിയാത്ത ചില ആകാശ  വസ്തുക്കളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. 

വിഡിയോകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വഴി ചോര്‍ന്നിരുന്നു. 2017 ല്‍  അനൗദ്യോഗികമായി പുറത്തിറങ്ങിയ വിഡിയോകളും, വാര്‍ത്തയും നേരത്തെ  ന്യൂ യോര്‍ക്ക് ടൈംസും പ്രസിദ്ധികരിച്ചിരുന്നു. കൂടാതെ തിരിച്ചറിയപ്പെടാത്ത പറക്കുന്ന വസ്തുക്കള്‍ പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ക്കും ഇടയാക്കിയിരുന്നു. 

എന്നാല്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വിഡിയോകള്‍ യഥാര്‍ത്ഥമാണോ എന്നതിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ തെറ്റിദ്ധാരണകള്‍ ഒഴിവാക്കുവാനാണ് പെന്റഗണ്‍ ഇപ്പോള്‍ ഈ വിഡിയോകള്‍ പുറത്തുവിട്ടത്.

Content Highlight: Pentagon releases UFO videos for the record