ധര്‍മ്മടത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാപ്പ് പറയണമെന്ന് പിസി ചാക്കോ. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസ് ദുരന്തമായി മാറും. ഇടത് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി സംസ്ഥാന എമ്പാടും പ്രവര്‍ത്തിക്കും. കോൺ​ഗ്രസിന്റെ ആഭ്യന്തര ജനാധിപത്യം പൂർണമായി നശിക്കുകയും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകൾ തിരുത്താൻ കേന്ദ്രനേതൃത്വത്തിന് കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യമാണ്. എന്നെപ്പോലെ നിരവധിയാളുകൾ കോൺ​ഗ്രസിലുണ്ട്. ഇന്ന് കോൺ​ഗ്രസിൽ രണ്ടോ മൂന്നോ വ്യക്തികൾ തങ്ങളുടെ വ്യക്തിതാത്പര്യത്തിന് വേണ്ടി പാർട്ടിയെ വലിച്ചുകൊണ്ടുപോവുന്നതാണ് കാണുന്നത്. ഇതിൽ നിരാശരായ പ്രവർത്തകർക്ക് പക്ഷേ ശബ്ദമില്ല. തന്നെ സംബന്ധിച്ചിടത്തോളം ഇത്തരം സന്ദർഭങ്ങളിൽ മൗനം പാലിക്കുന്നത് ആത്മഹത്യാപരമാണെന്നും പി.സി. ചാക്കോ പറഞ്ഞു.

കോൺ​ഗ്രസിലെ ആഭ്യന്തര ജനാധിപത്യം നശിപ്പിച്ച് വ്യക്തികളുടെ പോക്കറ്റിലാക്കി പാർട്ടിയെ നശിപ്പിച്ച നേതാക്കളുണ്ട്. അവരാരാണെന്ന് എല്ലാവർക്കും അറിയാം. അവരോടൊക്കെയുള്ള അമർഷം തന്നെയാണെനിക്കുള്ളത്. ഒരു ഷോക്ക് ട്രീറ്റ്മെന്റ് ഉണ്ടാവണം കോൺ​ഗ്രസിന്. അല്ലെങ്കിൽ കേരളത്തിലെ കോൺ​ഗ്രസ് രക്ഷപ്പെടില്ല. എന്റെ ഈ തീരുമാനം കോൺ​ഗ്രസിന് ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആവണം എന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. പി.സി. ചാക്കോ പറഞ്ഞു.