കോവളം മുല്ലൂരിനു പിന്നാലെ പത്തനംതിട്ട പെരുനാട് കക്കാടും സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, ബിജെപി ഓഫീസാക്കി. സി പി എം അനുഭാവികളായ നിരവധി പേര്‍ കാവിക്കൊടി പിടിച്ചതു പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നാണിത്.

കഴിഞ്ഞ ദിവസം സി.പി.എം. - ബി.ജെ.പി. സംഘര്‍ഷത്തിനിടയില്‍ മര്‍ദനമേറ്റ പെരുനാട് പഞ്ചായത്തംഗവും ബി.ജെ.പി. നേതാവുമായ അരുണ്‍ അനിരുദ്ധന്റെ അടുത്ത ബന്ധുവിന്റേതാണ് കെട്ടിടം. മുറിയിലുണ്ടായിരുന്ന സി.പി.എം. ബോര്‍ഡുകളടക്കമുള്ള സാധനങ്ങള്‍ പുറത്തിട്ടശേഷം ബി.ജെ.പി.യുടെ ബൂത്ത് കമ്മിറ്റി ഓഫീസാക്കി കൊടി നാട്ടി. കെട്ടിടം ഒഴിയാമെന്ന് ഉടമയെ സി.പി.എം. പ്രാദേശിക നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും എല്‍.ഡി.എഫിന്റെ പ്രചാരണബോര്‍ഡടക്കമുള്ള സാധനസാമഗ്രികള്‍ മാറ്റിയിരുന്നില്ല.

ഞായറാഴ്ചയാണ് അരുണിന് മര്‍ദനമേറ്റത്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനനടക്കം 10 സി.പി.എമ്മുകാര്‍ പോലീസ് സ്റ്റേഷനിലെത്തി ജ്യാമ്യമെടുത്തിരുന്നു. അരുണിന്റെ നിര്‍ബന്ധം കാരണം ബന്ധു കെട്ടിടമൊഴിയണമെന്ന് ആവശ്യപ്പെട്ടെന്നും അതിനാലാണ് കടമുറി ഒഴിഞ്ഞതെന്നും സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റോബിന്‍ കെ.തോമസ് പറഞ്ഞു. അതിനുശേഷമാണ്, മനഃപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ മുറിയിലെ ബോര്‍ഡുകളും കൊടികളും മറ്റും പുറത്തെറിഞ്ഞതെന്നും റോബിന്‍ ആരോപിച്ചു. 

സി.പി.എമ്മുകാര്‍ തന്നെ മര്‍ദിച്ചതാണ് ഓഫീസ് മുറി ഒഴിയാന്‍ ബന്ധുവായ കെട്ടിടം ഉടമ ആവശ്യപ്പെടാന്‍ കാരണമെന്ന് പെരുനാട് ഗ്രാമപ്പഞ്ചായത്തംഗവും ബി.ജെ.പി. പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അരുണ്‍ അനിരുദ്ധന്‍ പറഞ്ഞു. അതേസയം, പാര്‍ട്ടിക്ക് ലോക്കല്‍ കമ്മറ്റി മുതലേ ഓഫീസ് സംവിധാനം ഉളളുവെന്ന് സി.പി.എം ജില്ലാ നേതൃത്വം പ്രതികരിച്ചു.