കോഴിക്കോട്:   ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിലെ  അദൃശ്യ കക്ഷികളാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള സമരത്തില്‍ ഇത്തരം ആളുകള്‍ നുഴഞ്ഞ് കയറുന്നുവെന്നത് യാഥാര്‍ഥ്യമാണ്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മുസ്ലീംലിഗ് പ്രവര്‍ത്തകര്‍ക്കും യു.ഡി.എഫി.ലെ മറ്റ് കക്ഷികള്‍ക്കു വ്യക്തമായി അറിയാം. പക്ഷെ കോണ്‍ഗ്രസ് അവരെ തള്ളിപ്പറയുന്നില്ല. ഇത് ഗൗരവമായ കാര്യമാണ്.

വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമെല്ലാം മുന്നില്‍ കണ്ട് ഇത്തരക്കാരുടെ വോട്ട് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ഇവര്‍ക്കെതിരേ മിണ്ടാത്തത്. ഇത് വലിയ കലാപമായി  യു.ഡി.എഫിനുള്ളില്‍ മാറുന്ന കാലം അതിവിദൂരമല്ല. ജമാഅത്തെ  ഇസ്ലാമിയും എസ്.ഡി.പി.ഐയും ഇപ്പോള്‍ യു.ഡി.എഫിലെ അദൃശ്യകക്ഷികളായി മാറിയിരിക്കുകയാണ്. ഇവരെ തിരിച്ചറിയാന്‍ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും മുഹമ്മദ് റിയാസ് മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.

മുസ്ലീം ലീഗിലെ പലരും ബി.ജെ.പി  വിധേയത്വമുള്ളവരായി മാറി. അന്തമായ മാര്‍ക്സിസ്റ്റ് വിരോധത്തിനുപ്പുറം ഈ ബിജെപി വിധേയത്വം അപകടമാണ്. ഇത് സംഘപരിവാറിനെ സഹായിക്കാനേ ഉപകരിക്കൂ. കെ.എം ഷാജിയുടേയും, എം.കെ മുനീറിന്റേയുമെല്ലാം പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതാണ് മനസ്സിലാവുന്നത്. ഇവരുടെ തിരഞ്ഞെടുപ്പ്  ചരിത്രം പരിശോധിച്ചാലും അവരുടെ ബിജെപി വിധേയത്വം മനസ്സിലാവും. ഇക്കാര്യം പ്രവര്‍ത്തകര്‍ ഇനിയെങ്കിലും തിരിച്ചറിയണം. കോണ്‍ഗ്രസിലേയും ലീഗിലേയുമെല്ലാം മതനിരപേക്ഷ മനസ്സുള്ള വോട്ടുചെയ്യുന്നവരും അല്ലാത്തവരുമായ പ്രവര്‍ത്തകര്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും റിയാസ് വ്യക്തമാക്കി.

Content highlights: P A Muhammed Riyas comments on infiltration of jamaat e islami and SDPI in UDF