തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസ് തറവാട്ടിലേക്ക് മടങ്ങിയെത്തും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'കോണ്‍ഗ്രസിന് ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു ചെറിയാന്‍ ഫിലിപ്പ്. പ്രത്യേക സാഹചര്യത്തിലാണ് എല്‍.ഡി.എഫുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചത്. സി.പി.എമ്മില്‍ നിന്നും നിരവധി പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്', വി.ഡി. സതീശന്‍ പറഞ്ഞു.

'കാത് കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും. ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസിലേക്ക് വരാനുണ്ട്. എറണാകുളത്ത് ആയിരത്തിലധികം പേരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മറ്റുപല ജില്ലകളിലും നിരവധി പേര്‍ പാര്‍ട്ടിയില്‍ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലേക്ക് എത്തുന്നവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തും', പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.