അമിത് ഷായ്‌ക്കെതിരെ വിമര്‍ശവുമായി ഉമ്മന്‍ചാണ്ടിയും കോടിയേരിയും

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. കേരളത്തെ അടച്ചാക്ഷേപിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മേഖലകളിലും വളരെ ഉയര്‍ന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനെതിരെ അമിത് ഷാ ഉന്നയിച്ച വിമര്‍ശം സംബന്ധിച്ച ചോദ്യത്തോടാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. അമിത് ഷാ ആട്ടിന്‍ തോലിട്ട ചെന്നായയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരാണ് നരേന്ദ്രമോദിയും അമിത് ഷായുമെന്ന് കോടിയേരി പറഞ്ഞു. വംശഹത്യയുടെ ചോരക്കറ പുരണ്ടവരാണ് കേരളത്തെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളമടക്കം സി.പി.എമ്മിന് സ്വാധീനമുള്ള എല്ലാ സംസ്ഥാനങ്ങളിലും അക്രമവും കൊലപാതകങ്ങളുമാണ് നടക്കുന്നതെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് കോടിയേരി രംഗത്തെത്തിയിട്ടുള്ളത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.