ഓൺലൈൻഗെയിമിലൂടെ പണം നഷ്ടപ്പെട്ടപ്പോൾ കടം തീർക്കാൻ  മോഷണത്തിനിറങ്ങിയ യുവാവ് കോഴിക്കോട് പിടിയിൽ. കണ്ണഞ്ചേരി സ്വദേശി എ.വി. അനൂപിനെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. ഓൺലൈൻ വിതരണ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു യുവാവ്. പക്ഷേ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു.

രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് പണംവെച്ച് ഓൺലൈനിൽ ​ഗെയിം തുടങ്ങിയത്. എന്നാൽ പണം നഷ്ടപ്പെട്ട് കടം പെരുകി. നഷ്ടപ്പെട്ട പണം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിൽ കടം വാങ്ങി കളി തുടർന്നു. ഇങ്ങനെ വാങ്ങിക്കൂട്ടിയ പണം തിരികെ നൽകാനാണ് അനൂപ് പിടിച്ചുപറിക്കാനിറങ്ങിയത്. സ്കൂട്ടറിലെത്തി തിരുവണ്ണൂരിലെത്തി മാല പൊട്ടിച്ച കേസിലാണ് ഇയാളിപ്പോൾ പന്നിയങ്കര പോലീസിന്റെ പിടിയിലായത്.

ചോദ്യം ചെയ്യലിൽ സമാനമായ രണ്ടുകുറ്റങ്ങൾ കൂടി ചെയ്തതായി യുവാവ് സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. അനൂപ് പണം കൈമാറിയതിന്റെ വിവരങ്ങൾ ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.