മഞ്ചേരി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ് മരിച്ചത്. ഇന്നലെ രാത്രി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മുഹമ്മദ്(82) മരണമടയുന്നത്. കഴിഞ്ഞ മാസം 29-നാണ് മുഹമ്മദ് റിയാദില്‍ നിന്നെത്തിയത്. 

വീട്ടില്‍ ക്വാറന്റീനില്‍ തുടരുന്നതിനിടെ ഒന്നാം തീയതി പനി ശക്തമാവുകയും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. രക്താര്‍ബുദ ബാധിതനായ മുഹമ്മദിനെ പനി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ന്യൂമോണിയ കൂടി പിടിപെട്ടിരുന്നു. പ്രായാധിക്യത്തോടൊപ്പം അര്‍ബുദം കൂടിയുള്ളതിനാല്‍ ആരോഗ്യ നില കൂടുതല്‍ വഷളായി.