കോതമംഗലം മാനസ കൊലക്കേസില്‍ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. ടാക്‌സി ഡ്രൈവര്‍ മനേഷ് കുമാര്‍ വര്‍മ്മയാണ് അറസ്റ്റിലായത്. രഖിലിന് തോക്ക് നല്‍കിയ സോനു കുമാര്‍ മോദിയുടെ അടുത്ത് രഖിലിനെ എത്തിച്ചത് മനേഷ് കുമാര്‍ വര്‍മ്മയാണ്. മാനസയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിഹാറില്‍ തങ്ങുന്ന കേരള പോലീസാണ് കേസില്‍ രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ സോനു കുമാര്‍ മോദിയെ കേരളത്തിലെത്തിക്കാന്‍ പോലീസ് ട്രാന്‍സിസ്റ്റ് വാറന്റ് വാങ്ങിയിരുന്നു. 

ഇതോടൊപ്പം മനേഷ് കുമാര്‍ വര്‍മ്മയെ കൂടി കേരളത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി എറണാകുളം റൂറല്‍ എസ്.പി പറഞ്ഞിട്ടുണ്ട്. രഖിലിന് സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നത് പോലീസ് അന്വേഷിച്ചു വരികയാണ്. ബിഹാറില്‍ ഇപ്പോള്‍ അറസ്റ്റിലായ രണ്ടു പ്രതികളെയും കോതമംഗലം കോടതിയില്‍ ഹാജരാക്കി വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.