ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ അതിവേഗം പടരുന്ന തരത്തില്‍ ജനിതകമാറ്റം വന്ന വൈറസാണെന്ന് ഗവേഷകര്‍. പത്ത് കോവിഡ് വൈറസ് വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുളളത്. ഇതില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ പല രാജ്യങ്ങളിലും ഉള്ളതും കൂടുതല്‍ വ്യാപനശേഷി ഉണ്ടായിരുന്നതും.

ഇതിനേക്കാള്‍ പകര്‍ച്ചാ ശേഷിയുള്ളതാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വൈറസ് വകഭേദമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ജനിതകമാറ്റം വന്ന വൈറസ് വകഭേദം കൂടിയാണിത്, വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍ നിന്നും 50 ലേറെ ജനിതകമാറ്റങ്ങള്‍ ഈ വൈറസിന് വന്നതായി ഗവേഷകര്‍ പറയുന്നു. ഇതില്‍ മുപ്പതെണ്ണം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ്.

ശരീരത്തിലെ കോശങ്ങളിലേക്ക് കയറാന്‍ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്‌പൈക്ക് പ്രോട്ടീന്‍. നിലവിലെ വാക്‌സിനുകളുടേയും ലക്ഷ്യം സ്‌പൈക്ക് പ്രോട്ടീനായതിനാല്‍ നിലവില്‍ വാക്‌സിന്‍ നല്‍കുന്ന പ്രതിരോധശേഷിയെ മറികടക്കാന്‍ ഈ വൈറസിന് കഴിയുമോ എന്നതാണ് പ്രധാന ആശങ്ക. വാക്‌സിനുകളുടെ ഫലപ്രാപ്തി എത്രത്തോളം എന്നറിയാന്‍ ഇനിയും ആഴ്ചകള്‍ നീളുന്ന പഠനങ്ങള്‍ വേണ്ടി വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്.