സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ മയൂഖ ജോണി. 2016-ലാണ് സംഭവം. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തെന്നും മയൂഖ ജോണി വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് എസ്.പി. പൂങ്കുഴലിക്ക് പരാതി നൽകിയിരുന്നു. എന്നാൽ മോശം സമീപനമാണ് പോലീസിൽ നിന്ന് ഉണ്ടായത്. വനിതാകമ്മീഷൻ അധ്യക്ഷയായിരുന്ന എം.സി.ജോസഫൈൻ പ്രതികൾക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു.

2016 ജൂലായ് മാസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പെൺകുട്ടിയുടെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയും നഗ്‌നവീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. പിന്നീട് ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തി. അവിവാഹിതയും ഭാവിയെ കുറിച്ചുളള ആശങ്കയിലും അന്ന് ഇതേക്കുറിച്ച് പെൺകുട്ടി പരാതിപ്പെട്ടില്ല.  എന്നാൽ സംഭവത്തെ തുടർന്ന് പ്രതി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു. പിന്നീട് 2020 ലാണ് വീണ്ടും പ്രതി ഭീഷണി ഉയർത്തിയത്. തുടർന്ന് പെൺകുട്ടിയുടെ ഭർതൃവീട്ടുകാർ സംഭവം അറിയുകയും തുടർന്ന് എസ്.പി. പൂങ്കുഴലിക്ക് പരാതി നൽകുകയുമാണ് ചെയ്തത്.