'ഇന്ധന വില വര്‍ധന' നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിക്കളഞ്ഞതില്‍ ക്ഷോഭിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. "രാജസ്ഥാനില്‍ എന്തു ചെയ്യുന്നു എന്നുനോക്കി ഇവിടത്തെ കാര്യം ചര്‍ച്ച ചെയ്യാനല്ല ജനങ്ങള്‍ എന്നെയും നിങ്ങളേയും ഇങ്ങോട്ടയച്ചത്. മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ ഫ്യൂസ് ഊരിക്കൊടുക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്." - ഷാഫി പറമ്പില്‍ ആരോപിച്ചു.

എണ്ണവില വര്‍ധിപ്പിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ വന്ന വില വര്‍ധനയും, നികുതി വര്‍ധനയും കണക്കു നിരത്തി പറഞ്ഞായിരുന്നു ഷാഫിയുടെ പ്രസംഗം. അന്നത്തെ ക്രൂഡ് ഓയില്‍ വിലയും ഇന്നത്തെ ക്രൂഡ് ഓയില്‍ വിലയും താരതമ്യം ചെയ്ത് നികുതി വര്‍ധനവിന്റെ ചരിത്രവും അവതരിപ്പിച്ച് ഇവിടെ നടക്കുന്നത് ടാക്‌സ് ടെറര്‍ (നികുതി ഭീകരത) ആണെന്നും അദ്ദേഹം വ്യക്തമാക്കി.