ബാര്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണര്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കേസിലെ മുന്‍ ഉപദേഷ്ടാവും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനുമായിരുന്ന ജി. ശശീന്ദ്രന്‍.

വിചാരണ കോടതിയുടെ അനുമതിയില്ലാതെ പുതിയ അന്വേഷണത്തിലേക്ക് പോകുന്നത് കോടതിയലക്ഷ്യമാകുമെന്നും പുതിയ തെളിവുണ്ടെങ്കില്‍ അത് കോടതിയിലാണ് സമര്‍പ്പിക്കേണ്ടതെന്നും ശശീന്ദ്രന്‍ മാതൃഭൂമിയോട് പറഞ്ഞു.

കെ.എം. മാണി, കെ. ബാബു എന്നിവരടക്കമുള്ളവര്‍ക്കെതിരായ ബാര്‍കോഴ ആരോപണത്തില്‍ കഴമ്പില്ലെന്ന് കാട്ടി വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

കേസുമായി ബന്ധപ്പെട്ട് പരിഗണിച്ച രണ്ട് ഹര്‍ജികളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും തെളിവുകളും വിചാരണക്കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനോ ഗവര്‍ണര്‍ക്കോ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് ജി. ശശീന്ദ്രന്‍ പറയുന്നത്.