പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖല കടുവാപ്പേടിയിലാണ്. വന്യമൃഗത്തെ കുടുക്കാനുളള വനംവകുപ്പ് നീക്കം 10 ദിവസമായിട്ടും ഫലം കണ്ടിട്ടില്ല. കടുവയെ നേരില്‍ക്കണ്ട പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അവരുടെ മനസ്സില്‍ നിന്നും മരണഭീതി ഇപ്പോഴും മറഞ്ഞിട്ടുമില്ല. 13നു പുലര്‍ച്ചെ നാല് മണിയോട് കൂടിയാണ് ടാപ്പിങ് ജോലിക്കിടെ മോഹനന്‍ കടുവയുടെ മുന്നില്‍ പെട്ടത്. 

ടാപ്പിങിനായി റബ്ബര്‍ തോട്ടത്തിലെത്തിയപ്പോള്‍ റബ്ബര്‍ മരത്തിന് ചുവട്ടില്‍ കിടക്കുകയായിരുന്നു കടുവയെന്നാണ് മോഹന്‍ പറയുന്നത്. ഉദ്ദേശം പത്തടി അകലെയാണ് കടുവ കിടന്നിരുന്നത്. കണ്ണ് കണ്ടപ്പോള്‍ പന്നിയാണെന്നാണ് കരുതിയത്. കല്ലെടുത്തെറിഞ്ഞപ്പോള്‍ തിരിഞ്ഞു. പിന്നെ ഓടി.അടുത്തവീട്ടില്‍ ഓടിക്കയറി തിരിഞ്ഞുനോക്കിയപ്പോള്‍ മുറ്റത്ത് കടുവ. ഭയം കൊണ്ട് തിരിഞ്ഞ് നോക്കാതെയായിരുന്നു ഓടിയത്- മോഹന്‍ പറയുന്നു