തമിഴ്നാട്ടിലെ പോലീസ് ഉദ്യോഗസ്ഥൻ ആയുധങ്ങളുമായി മുത്തങ്ങ വനത്തിൽ വേട്ടയ്ക്കിറങ്ങി. എരുമാട് സ്റ്റേഷനിലെ കോൺസ്റ്റബിൾ സിജു ആണ് സുഹൃത്തുക്കൾക്കൊപ്പം വേട്ടയ്ക്കിറങ്ങിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാളെ സസ്പെൻഡ് ചെയ്തു.

ഈ മാസം 12-ാം തീയതിയാണ് സിജുവും സുഹൃത്തുക്കളും തോക്കുമായി മുത്തങ്ങ വനപ്രദേശത്ത് പ്രവേശിച്ചത്. തമിഴ്നാടിന്റെ അതിർത്തിയോടുചേർന്നുള്ള സ്ഥലമായിരുന്നു ഇത്. വേട്ടയുടെ ദൃശ്യങ്ങൾ കാട്ടിനകത്ത് സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ ഉദ്യോ​ഗസ്ഥർ ഇക്കാര്യം ശ്രദ്ധിക്കുകയും ആരാണെന്ന് കണ്ടെത്താൻ തമിഴ്നാട് പോലീസിന് ഈ ദൃശ്യങ്ങൾ കൈമാറുകയുമായിരുന്നു. ശനിയാഴ്ചയാണ് വിഡിയോയിലുള്ളത് സിജുവാണെന്ന് തിരിച്ചറിഞ്ഞത്.

​ഗൂഡല്ലൂർ ധർമ​ഗിരി സ്വദേശിയായ സിജുവിൽ നിന്ന് തമിഴ്നാട് പോലീസ് മൊഴിയെടുക്കുകയും ശേഷം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവദിവസം സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ളയാളായിരുന്നു സിജു. ഡ്യൂട്ടിക്ക് ഹാജരാകാതെ സർവീസ് തോക്കുമായി വേട്ടക്കിറങ്ങുകയായിരുന്നു ഇയാൾ.