സ്വന്തം തട്ടകമായ കൊടുവള്ളി തിരിച്ചുപിടിക്കാന്‍ മുസ്ലീം ലീഗ് ഇക്കുറി എം.കെ മുനീറിനെ രംഗത്തിറക്കിയേക്കും. വിഭാഗീയ പ്രശ്‌നങ്ങള്‍ തുടരുന്ന കൊടുവള്ളിയില്‍ എം.കെ മുനീറിന്റെ സ്ഥാനാര്‍ഥിത്വം ഗുണകരമാവുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
മുസ്ലീം ലീഗിലെ മറ്റ് മുതിര്‍ന്ന നേതാക്കളെല്ലാം സുരക്ഷിതസീറ്റില്‍ ജനവിധി തേടുമ്പോഴും കടുത്ത മത്സരം നേരിട്ടാണ് എം.കെ മുനീര്‍ രണ്ട് തവണയും നിയമസഭയിലെത്തിയത്. മുസ്ലീംലീഗിന്റെ നിയമസഭാകക്ഷി നേതാവായി പ്രവര്‍ത്തിച്ച മുനീറിന് ഇക്കുറി സുരക്ഷിത സീറ്റ് നല്‍കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്.
നേതാക്കള്‍ സ്വന്തം ജില്ലയില്‍ പ്രവര്‍ത്തിക്കുകയും മത്സരിക്കുകയും ചെയ്യണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മുനീര്‍ മലപ്പുറം ജില്ലയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറിയത്. ഇഞ്ചോടിഞ്ച് മത്സരിച്ചായിരുന്നു കോഴിക്കോട് സൗത്തില്‍ നിന്ന് 2011 ലെയും 2016 ലെയും ജയം. ഇത്തവണ മുനീര്‍ മാറുകയാണെങ്കില്‍ കടുത്ത മത്സരത്തെ ലീഗിന് അഭിമുഖീകരിക്കേണ്ടി വരും.