പൗരത്വ വിഷയമുയർത്തി മുസ്ലീം വോട്ടുകൾ അനുകൂലമാക്കാനുള്ള സി.പി.എം നീക്കത്തിന് തടയിട്ട് മുസ്ലീം ലീഗ്. പൗരത്വ വിഷയത്തിലെ സി.പി.എമ്മിന്റെ നിലപാട് ആത്മാർത്ഥമാണെങ്കിൽ സമരം ചെയ്തവർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ തമിഴ്നാട് സർക്കാരിനെ പോലെ പിൻവലിക്കണമെന്ന് ലീഗ് ആവശ്യപെട്ടു.

കൂടാതെ ന്യൂനപക്ഷ വർഗീയതയാണ് കൂടുതൽ അപകടമെന്ന എ വിജയരാഘവാന്റ വാക്കുകൾ സി.പി.എമ്മിന്റെ നിലപാട് മാറ്റമാണെന്നും നാക്കു പിഴയല്ലെന്നും  ലീഗ് ആവർത്തിച്ചു. സി.പി.എമ്മിന്റെ ന്യൂനപക്ഷ സ്നേഹം കാപട്യമാണെന്ന പ്രചാരണത്തിന് കൂടുതൽ പ്രാമുഖ്യം നൽകാനാണ് ലീഗിന്റെ തീരുമാനം. മുസ്ലിം വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകീകരിപ്പിക്കാനുള്ള  പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ലീഗിന്റെ പ്രതികരണം.