ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് മുംബൈയില്‍ മുങ്ങിയ ബാര്‍ജില്‍ നിന്ന് രക്ഷപ്പെട്ട വടക്കാഞ്ചേരി സ്വദേശി ഹാരിസിന് അപകടത്തിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.  മരണത്തെ മുഖാമുഖം കണ്ട് എട്ടുമണിക്കൂറാണ് ഹാരിസ് കടലില്‍ കിടന്നത്. ഒടുവില്‍ നാവികസേനയെത്തിയാണ് ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്.

ജോലിക്ക് കയറിയിട്ട് ഇന്നുവരെ കാണാത്ത ഭാവമായിരുന്നു കടലിന് 17-ാം തീയതി ഹാരിസ് കണ്ടത്. എങ്കിലും ബാര്‍ജില്‍ സുരക്ഷിതനെന്ന് തോന്നിയിരുന്നു. അപകടം നടന്ന് വൈകിട്ട് അഞ്ചുമണിയോടെ കപ്പല്‍ പൂര്‍ണമായും മുങ്ങിയെന്ന് ഹാരിസ് പറഞ്ഞു. ലൈഫ് ബോട്ടുകളും മറ്റ് ജീവന്‍രക്ഷാ ഉപകരണങ്ങളും ബാര്‍ജിലുണ്ടായിരുന്നെങ്കിലും എല്ലാം ചുഴലിക്കാറ്റ് കൊണ്ടുപോയി. 

കഴിഞ്ഞദിവസം നാട്ടിലെത്തിയപ്പോഴാണ് അപകടവിവരം വീട്ടുകാരേപ്പോലും അറിയിച്ചത്. ഇത് രണ്ടാംജന്മമായാണ് ഹാരിസ് കരുതുന്നത്.