രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിന് വ്യാഴാഴ്ച 12 കൊല്ലം തികയുമ്പോൾ തീരദേശ സുരക്ഷയിൽ ഗണ്യമായ പുരോഗതി കൈവരിച്ച് ഇന്ത്യ. തീരദേശത്തെ സുരക്ഷാവീഴ്ചകൾ മുതലെടുത്ത് നടന്ന ഭീകരാക്രമണത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ഘട്ടംഘട്ടമായി സുരക്ഷാസംവിധാനങ്ങൾ നവീകരിച്ചത്.
ഗുജറാത്തിൽനിന്ന് കന്യാകുമാരിവഴി ബംഗാൾവരെ ആയിരക്കണക്കിന് കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന രാജ്യത്തിന്റെ തീരദേശത്തെ സുരക്ഷാക്രമീകരണങ്ങൾ നിരീക്ഷിക്കാൻ വിവിധ സമിതികളാണ് സർക്കാർ ഉണ്ടാക്കിയത്. ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെ 2009-ൽ നാഷണൽ കമ്മിറ്റി ഫോർ കോസ്റ്റൽ ആൻഡ് മാരിടൈം സെക്യൂരിറ്റി എന്ന പേരിൽ ദേശീയ സമിതിക്ക് രൂപംനൽകി. പിന്നീട് 2013-ൽ ഒരു സ്റ്റിയറിങ് കമ്മിറ്റിയും 2016-ൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികളും രൂപവത്കരിച്ചു.
അതേസമയം, എല്ലാ കമ്മിറ്റികൾക്കും മേൽനോട്ടം വഹിക്കാനുള്ള പരമാധികാര സമിതിയായ നിർദിഷ്ട നാഷണൽ മാരിടൈം അതോറിറ്റി ഇതുവരെ യാഥാർഥ്യമായിട്ടില്ല.