മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന്‌ കേരളം സുപ്രീം കോടതിയില്‍. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്‌ നിലവിലെ മുല്ലപ്പെരിയാര്‍ അണകെട്ട് ഡീക്കമ്മീഷന്‍ ചെയ്യണം. പുതിയ അണക്കെട്ട് പണിത് തമിഴ്‌നാടിന് ജലവും, കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണം എന്നും കേരളം ആവശ്യപെടുന്നു. സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് ആണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം എഴുതി കോടതിക്ക് കൈമാറിയത്‌.

ഇടുക്കി അണക്കെട്ടില്‍ പരമാവധി സംഭരിക്കാന്‍ ഉള്ള ജലത്തിന്റെ തോതിലേക്ക് ജലനിരപ്പ് ഉയരുകയാണ്. അവിടേക്ക് കൂടുതല്‍ ജലം കുറഞ്ഞ സമയത്തിന് ഉള്ളില്‍ എത്തുന്നത് സ്ഥിതി സങ്കീര്‍ണമാക്കും എന്നും കേരളം വ്യക്തമാക്കുന്നു. അതിനാല്‍ പരമാവധി ജലം തമിഴ്‌നാട് കൊണ്ട് പോകണം എന്നാണ് കേരളത്തിന്റെ ആവശ്യം.