കൊല്ലം പാക്കുളത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മ. അമീന ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ അനീഷയും സംഭവത്തില്‍ പ്രദേശത്തെ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കുട്ടിയുടെ മുത്തശ്ശനും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞദിവസം വൈകീട്ടാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അമീനയെ വീട്ടിനുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. വീടിന് പുറത്ത് മാതാവിനെ ജോലിയില്‍ സഹായിക്കുകയായിരുന്നു അമീന. ഇതിനിടെ വീട്ടില്‍ പോയി പ്രാര്‍ഥന നടത്താന്‍ മാതാവ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അമീന വീട്ടിലേക്ക് പോവുകയും ചെയ്തു. വീടിന് പുറത്ത് ജോലിചെയ്തിരുന്ന മാതാവ് തിരികെ എത്തിയപ്പോളാണ് കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.