സാമ്പത്തിക തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത മോന്‍സണ്‍ മാവുങ്കലിന്റെ കാറുകളുടെ ശേഖരത്തില്‍ പലതും ഉപയോഗ ശൂന്യമാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പോര്‍ഷെയും ലക്‌സസും അടക്കം മുപ്പതിലേറെ അത്യാഡംബര കാറുകളുണ്ട് ഇയാളുടെ വീടിന്റെ മുറ്റത്ത്. കേടുപാടുകള്‍ സംഭവിച്ച കാറുകള്‍ കുറഞ്ഞ വിലക്ക് വാങ്ങി ഉപയോഗിക്കുന്നതായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. താന്‍ അതിസമ്പന്നനാണെന്ന് കാണിക്കാനാണ് ഇവയെല്ലാം മോന്‍സണ്‍ സംഘടിപ്പിച്ചത്. 

ഒരു കാറില്‍ നോട്ടെണ്ണല്‍ യന്ത്രവും കണ്ടെത്തി. ലാപ്‌ടോപ്പും കമ്പ്യൂട്ടറും നോട്ടെണ്ണല്‍ യന്ത്രവും സ്ഥിരമായി ഘടിപ്പിച്ച നിലയിലാണുള്ളത്. വിദേശ എംബസിയുടെ വാഹനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ചിഹ്നങ്ങളും വാഹനത്തിലുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.