പരാതിക്കാരനോട് മോശമായി പെരുമാറിയ നെയ്യാർ പോലീസ് സ്‌റ്റേഷൻ ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്താൻ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ക്ക് നിർദേശം നൽകി.
നെയ്യാർ ഡാം പോലീസ് സ്റ്റേഷനിൽ നിൽക്കുന്ന പിതാവിനോടും മകളോടും പരുഷമായ രീതിയിൽ പെരുമാറുകയും ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് സംഭവത്തെക്കുറിച്ച് രണ്ടു ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിരുന്നു.
തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.ക്കാണ് അന്വേഷണ ചുമതല. ഗുരുതര വീഴ്ച ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായി എന്നാണ് റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.