മലപ്പുറം കോട്ടയ്ക്കലിൽ പ്ലസ് ടു വിദ്യാർത്ഥിനി യൂട്യൂബ് നോക്കി പ്രസവിച്ചു. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽക്കാരൻ അറസ്റ്റിലായി. ഗർഭിണിയായ വിവരം മറച്ചുവെച്ച വിദ്യാർത്ഥിനി ഒക്ടോബർ 20-നാണ് യൂട്യൂബ് നോക്കി പരസഹായമില്ലാതെ വീട്ടിലെ മുറിക്കുള്ളിൽ പ്രസവിച്ചത്. മൂന്നുദിവസം കഴിഞ്ഞാണ് പെൺകുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 

പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരനായ അയൽക്കാരനെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ പിതാവ് സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയാണ്. മാതാവിന് കാഴ്ചക്കുറവുണ്ടെന്നാണ് വിവരം. ഈ സാഹചര്യം മുതലെടുത്താണ് അയൽവാസി പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.