തൃശൂർ പറവട്ടാനി ചുങ്കത്ത് യുവാവിനെ ഓട്ടോയിൽ എത്തിയ സംഘം വെട്ടിക്കൊന്നു. ഒല്ലൂക്കര സ്വദേശി ഷമീര്‍ ആണ് മരിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് മരിച്ച ഷമീറെന്നും വ്യക്തിവൈരാ​ഗ്യമാണ് കൊലയ്ക്ക് കാരണമെന്നും സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ വ്യക്തമാക്കി. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. പിക്കപ്പ്‌വാനിൽ മീൻകച്ചവടം നടത്തുന്നതിനിടയിൽ ഷെമീറിന്റെ വാഹനം തടഞ്ഞുനിർത്തിയാണ് വെട്ടിയത്.വെട്ടേറ്റ്‌ പറവട്ടാനി-മണ്ണുത്തി റോഡിൽ കിടന്ന ഷെമീറിനെ മണ്ണുത്തി പോലീസെത്തി അവരുടെ ആംബുലൻസിലാണ് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചത്. ആഴത്തിൽ വെട്ടേറ്റ് രക്തം വാർന്നുപോയതിനാൽ രക്ഷിക്കാനായില്ല. 

മണ്ണുത്തി സ്റ്റേഷനിലെ ​ഗുണ്ടാലിസ്റ്റിലുൾപ്പെട്ട ഇയാളെ നേരത്തെ കഞ്ചാവ് കേസിലും പിടികൂടിയിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 18 കേസുകൾ നിലവിലുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരേ കേസെടുത്തതായി മണ്ണുത്തി സ്റ്റേഷൻ ഓഫീസർ എം. ശശിധരൻപിള്ള പറഞ്ഞു.