കിലോമീറ്ററുകളോളം നടന്നും തീവണ്ടിയിലും സഞ്ചരിച്ച് കണ്ണൂരിലെത്തി ദില്ലി മെഷീനില്‍ ആളുകളുടെ തൂക്കം നോക്കി നല്‍കുന്ന ഭാസ്‌കരേട്ടനെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോം തയ്യാറാക്കിയ വീഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് നിരവധി പേരാണ് അദ്ദേഹത്തെ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നത്. 

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ എം. ഷാജറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചു നല്‍കി. തുടര്‍ന്നും വേണ്ടുന്ന സഹായം എത്തിക്കാമെന്ന് ഡിവൈഎഫ്ഐ ഉറപ്പ് നല്‍കി. സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ വാട്സ്ആപ്പ് കൂട്ടായ്മയായ ബാങ്കേഴ്സ് സംഘവും സേവാഭാരതി മമ്പറം യൂണിറ്റും ഭാസ്‌കരേട്ടന് സഹായമെത്തിച്ചു. ലിപിന്‍ കൈപ്രത്ത് സാമ്പത്തിക സഹായവും ടി.എം. നിധിന്‍ ഭക്ഷ്യധാന്യക്കിറ്റും നല്‍കി. കേള്‍വിക്കുറവുള്ള അദ്ദേഹത്തിന് ശ്രവണസഹായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തും ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ട്. 

DYFI
ഡിവൈഎഫ്ഐ സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ എം. ഷാജറിന്റെ നേതൃത്വത്തില്‍ ഭസ്‌കരന്റെ വീട്ടില്‍ സഹായം എത്തിച്ചപ്പോള്‍

ഭാസ്‌കരേട്ടന്‍ പതിവായി ജോലി നോക്കാറുള്ള കണ്ണൂര്‍ പോലീസ് മൈതാനത്തിനരികിലെ നടപ്പാതയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ഒരു പ്രവാസി സാമ്പത്തിക സഹായവും പുതുവസ്ത്രങ്ങളും നല്‍കി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്ത ഭാസ്‌കരേട്ടന് കേള്‍വിക്കുറവ് ഉള്ളതിനാല്‍ കൃത്യമായി ആശയവിനിമയം നടത്താനാവില്ല. സ്വതവേ ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരന്‍ ആയതിനാല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ വെളിപ്പെടുത്താന്‍ തയ്യാറുമല്ല അദ്ദേഹം. 

Seva Bharti
സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ വാട്സ്ആപ്പ് കൂട്ടായ്മയായ ബാങ്കേഴ്സ് സംഘവും സേവാഭാരതി മമ്പറം യൂണിറ്റും ചേര്‍ന്ന് ഭാസ്‌കരന്റെ വീട്ടില്‍ സഹായം എത്തിച്ചപ്പോള്‍

പിണറായി പുത്തന്‍കണ്ടത്തെ വീട്ടില്‍ നിന്ന് കാല്‍നടയായി തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ഇദ്ദേഹം തീവണ്ടിയിലാണ് കണ്ണൂരിലെത്തുന്നത്. തിരിച്ച് രാത്രി വീട്ടിലെത്തുന്നതും ഇതേ മാര്‍ഗ്ഗത്തിലൂടെതന്നെ. കഴിഞ്ഞ 21 വര്‍ഷമായി കണ്ണൂരില്‍ ജോലി തുടരുകയാണ് എഴുപതുകാരനായ ഭാസ്‌കരന്‍.