കൊലപാതകം കോതമംഗലത്താണ് നടന്നതെങ്കിലും അതിന്റെ നടുക്കം പക്ഷേ കണ്ണൂരിലായിരുന്നു. വെടിയേറ്റ് മരിച്ച മാനസയും സ്വയം വെടിവെച്ച് മരിച്ച രഖിലും കണ്ണൂർ സ്വദേശികളാണ്.

പുതിയതെരു-മയ്യിൽ റോഡിലാണ്‌ നാറാത്ത് രണ്ടാം മൈൽ എന്ന ചെറിയ ടൗൺ. വലതുവശത്ത് ഒരേനിരയിലാണ് പുത്തൻവീട്ടിൽ തറവാട്ടിലെ നാലുസഹോദരങ്ങളുടെ വീട്. ആ നിരയിലെ രണ്ടാം വീടായ ‘പാർവണം’ ആണ് കൊല്ലപ്പെട്ട പി.വി. മാനസയുടേത്.

ദുരന്തം ചാനലുകളിൽ ബ്രെയ്‌ക്കിങ്‌ ന്യൂസായി മാറിമറിയുമ്പോൾ അച്ഛൻ മാധവൻ കണ്ണൂർ ടൗണിലെ തളാപ്പിൽ ഗതാഗതം നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു. കരസേനയിൽനിന്ന് വിരമിച്ച മാധവൻ ഏതാനും വർഷങ്ങളായി ടൗൺ ട്രാഫിക് സ്റ്റേഷനിലെ ഹോംഗാർഡാണ്.

മൂന്നരയോടെ വീട്ടിൽനിന്ന് ഫോൺ വന്നു. മകൾക്ക് ചെറിയ വിഷമം നേരിട്ടു, വേഗം വരണമെന്നാണ് സന്ദേശം. മാധവൻ വീട്ടിലെത്തിയത് യൂണിഫോമിലായിരുന്നു. ചെന്നിറങ്ങുമ്പോൾ ഭാര്യ സബീനയുടെ നെഞ്ചുപിളരുന്ന നിലവിളി. അപ്പോഴാണ് ആ അച്ഛന് സംഭവങ്ങളുടെ വ്യാപ്തി മനസ്സിലാകുന്നത്.