തിരുവില്വാമലയില്‍ ആനയിടഞ്ഞു. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ അടാട്ട് പരമു എന്ന പാണഞ്ചേരി പരമേശ്വരനാണ് ഇടഞ്ഞത്. ക്ഷേത്രപരിസരത്ത് ഒന്നരമണിക്കൂറോളം ഭീതി പരത്തിയ ആന പുറത്തിരുന്നയാളെ കുലുക്കി താഴെയിട്ടു കുത്താനുള്ള ശ്രമവും നടത്തി. തലനാരിഴയ്ക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കാഴ്ച ശീവേലി തുടങ്ങുന്നതിന് മുമ്പായിരുന്നു സംഭവം. 

നെറ്റിപ്പട്ടം കെട്ടി ക്ഷേത്രത്തിന് മുമ്പിലെത്തിയ ആന പെട്ടെന്ന് ഇടയുകയായിരുന്നു. പടിഞ്ഞാറെ നടയിലെത്തിയ ആന ദീപ സ്തംഭം മറിച്ചിട്ടു. ഈ സമയം ആനപ്പുറത്തുണ്ടായിരുന്ന കുനിശ്ശേരി സ്വാമിനാഥനെയാണ് ആന കുലുക്കി താഴെയിട്ടത്. മുന്നിലേക്ക് വീണ സ്വാമിനാഥനെ കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പെട്ടെന്ന് എഴുന്നേറ്റ് ഓടിയതിനാല്‍ അപകടം സംഭവിച്ചില്ല. 

തലനാരിഴയ്ക്കാണ് കുത്താന്‍ ആഞ്ഞ ആനയുടെ കൊമ്പിന്റെ മുന്നില്‍ നിന്നും സ്വാമിനാഥന്‍ കുതറിമാറി ഓടിയത്. ഇയാളെ പിന്നീട് നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നര മണിക്കൂറത്തെ പരിശ്രമത്തിന് ശേഷമാണ് ആനയെ തളയ്ക്കാന്‍ സാധിച്ചത്. കുന്നംകുളത്ത് നിന്ന് എലിഫെന്റ് സ്‌ക്വാഡും സോഷ്യല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആനയെ തളച്ചത്. 

ഇതിനിടെ ആന ഇടഞ്ഞ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാതൃഭൂമി ലേഖകന്‍ സിജി ഗോവിന്ദനെ പാപ്പാന്മാര്‍ കൈയേറ്റം ചെയ്തു. ഫോട്ടോ എടുക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിക്കാനും ശ്രമിച്ചു.